2025 ഡിസംബര്‍ 31 ന് മുന്‍പ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്
പൌരാവകാശ രേഖ

ഭരണഘടന 73-ാം വകുപ്പ് ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 94-ലെ പഞ്ചായത്ത്     രാജ് ആക്ടും അതേ തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനവും നിലവില്‍ വന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ഗ്രാമസഭകള്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളായി മാറുകയും ചെയ്തു.ഒരു വാര്‍ഡിന്‍റെ മുഴുവന്‍ വോട്ടര്‍മാരുടെയും പൊതുസഭയാണ് ഗ്രാമസഭ. ഗ്രാമസഭകള്‍ മുഖേന ഓരോ പൗരനും നേരിട്ട് ഭരണത്തില്‍ പങ്കാളിത്തം ലഭ്യമായി. ജനകീയാസൂത്രണത്തിന്‍റെ ആവിര്‍ഭാവത്തോടെ ഭരണത്തില്‍ എന്ന പോലെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പൗരന്മാര്‍ക്ക് നേരിട്ട് പങ്കാളിത്തം ഉറപ്പാക്കി. തന്‍മൂലം ഗ്രാമപഞ്ചായത്തിന് ഓരോ പൗരനും ഭരണ  കാര്യത്തില്‍ എന്ന പോലെ തന്നെ അവനെ സംബന്ധിക്കുന്ന ധാരാളം അവശ്യസേവന സഹായങ്ങള്‍ക്കായി സ്ഥിരമായി ബന്ധപ്പെടേണ്ട ഒരു സ്ഥാപനമായി മാറി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമപഞ്ചായത്തിന് ചുമതലകള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ഇപ്രകാരം പഞ്ചായത്തില്‍ നിന്നും പൗരന്‍മാര്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് മൂന്നാം ഷെഡ്യൂളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം പൗരന്‍മാര്‍ക്കും  തങ്ങളുടെ ഗ്രാമപഞ്ചായത്തില്‍ നിന്നും  മറ്റ് അനുബന്ധ ആഫീസുകളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ എതെല്ലാമെന്നോ, പ്രസ്തുത സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍, സേവനങ്ങളെ സംബന്ധിച്ച വ്യവസ്ഥകള്‍, സമയപരിധി തുടങ്ങിയവ ഏതെന്നോ അറിവില്ലാത്ത സ്ഥിതിയാണുള്ളത്. തന്മൂലം ഒഴിവാക്കപ്പെടേണ്ട കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു. ഗ്രാമപഞ്ചായത്തില്‍ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങള്‍ കിട്ടുക എന്നുള്ളത് ഓരോ പൗരന്‍റെയും അവകാശമാണ്. ഇത് ഉറപ്പു വരുത്തുന്നതിന് പഞ്ചായത്ത് രാജ് നിയമത്തില്‍ വ്യവസ്ഥ ചെയ്ത രണ്ടു വകുപ്പുകളാണ്  "അറിയാനുള്ള അവകാശവും" "പൗരാവകാശ രേഖയും" പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 271എ പ്രകാരം ഉത്തമ വിശ്വാസത്തോടെ ആവശ്യപ്പെടുന്ന ഏത് വിവരവും നടപടി ക്രമങ്ങള്‍ പാലിച്ചു കൊണ്ട് നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുക എന്നുള്ളത് ഓരോ പൗരന്‍റെയും അവകാശമാണ്.